വിമര്‍ശനങ്ങളെ നേരിട്ട വിപ്ലവകാരി | മന്‍സൂറലി ചെമ്മാട് - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

വിമര്‍ശനങ്ങളെ നേരിട്ട വിപ്ലവകാരി | മന്‍സൂറലി ചെമ്മാട്



ഡിസംബര്‍ അഞ്ചിനായിരുന്നു അബ്ദുസ്സലാം മൗലവിയുടെ ഫോണില്‍ നിന്ന് എന്റെ ഫോണിലേക്കുള്ള അവസാന വിളി വന്നത്. ''നാളെ ഷാര്‍ജയിലേക്ക് പോവാണ്, ഇനി കുറച്ച് കഴിഞ്ഞേ വരൂ, പോവുന്നതിന് മുന്‍പ് ഒന്ന് കാണാന്‍ പറ്റുമോ'' എന്ന് ചോദിച്ചു. പിറ്റേന്ന് സുബ്ഹിക്കു തന്നെ പുറപ്പെട്ടു. മൊറയൂരില്‍ വെച്ച് അലി മദനിയെയും കൂട്ടി. സുല്ലമി വീട്ടില്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിപ്പായിരുന്നു. കുറെ സംസാരിച്ചു. മൗലവിയുമായുള്ള സംസാരം എന്നും എനിക്കേറെ ഇഷ്ടമായിരുന്നു.

കുറെ സങ്കടങ്ങള്‍, ആശങ്കകള്‍, പ്രതീക്ഷകള്‍, രോഗത്തിന്റെ പ്രയാസങ്ങള്‍, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന കാരണത്താല്‍ ഡയാലിസിസ് വേണ്ടെന്ന് വെച്ചത്, പുതിയ രചനകള്‍.... അങ്ങനെ പലതും. ഇടക്ക് പതിവ് പോലെ കുറേ സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണവും തന്നു. മൗലവിയുടെ താല്പര്യപ്രകാരം രണ്ട് ലഘുപ്രഭാഷണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇറങ്ങാന്‍ നേരം മൗലവിയുടെ മുഖത്ത് വല്ലാത്ത സങ്കടം. പി ടി വീരാന്‍കുട്ടി സുല്ലമിക്ക് ഗുരുതരമായ രോഗമാണെന്നറിഞ്ഞ ദിവസം മൗലവി എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിരുന്നു.



അന്നത്തെ അതേ മുഖഭാവമായിട്ടാണെനിക്ക് തോന്നിയത്. വീടിനു മുന്നില്‍ അകലെയായി ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയ കാറെടുത്ത് റോട്ടിലേക്ക് വരവെ, സിറ്റൗട്ടില്‍ വിഷാദത്തോടെയുള്ള മൗലവിയുടെ ആ ഇരിപ്പ് ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. കാറിലിരുന്ന് ഒരു ഫോട്ടോയെടുത്തു. മൗലവിയെ അത്രക്ക് ആകുലപ്പെടുത്തിയതെന്താവുമെന്നെനിക്കുറപ്പില്ല.

വല്ലാത്തൊരടുപ്പമായിരുന്നു എനിക്കദ്ദേഹത്തോട്. അദ്ദേഹത്തിനിങ്ങോട്ടും അങ്ങനെത്തന്നെയായിരുന്നു. ഇടക്കിടക്ക് ഫോണ്‍ ചെയ്യും. എത്രയോ ചെറിയവര്‍ക്ക് മുന്നില്‍ പോലും വല്ലാതെ വിനയാന്വിതനാവുന്ന മൗലവിയുടെ പ്രകൃതം പലപ്പോഴും ഞാനുമനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരുമിച്ച് എത്രയോ യാത്രകള്‍. മൗലവി കൂടെയുണ്ടാവുമ്പോള്‍ എനിക്കും സംശയങ്ങള്‍ അവസാനിക്കാറില്ല. പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലുള്ള ഉപമകളും താരതമ്യങ്ങളുമൊക്കെയായുള്ള ലളിതമായ വിശദീകരണങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും രചനകള്‍ പ്രസിദ്ധീകരണത്തിനു മുന്‍പ് കാണിച്ച് തന്നിട്ടുണ്ട്. എന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിക്കും.



അഹങ്കരിക്കാമായിരുന്ന ഔന്നത്യമുണ്ടായിട്ടും യാതൊരഹന്തയുമില്ലാതെ ലാളിത്യത്തോടെ ജീവിച്ച, സാമീപ്യത്തിലൂടെ പോലും അറിവുകള്‍ പകര്‍ന്ന് തന്നിരുന്ന ആ വലിയ മനുഷ്യന്‍ ഇനിയില്ല. നിഷ്‌കളങ്കത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ശത്രുക്കള്‍ ആയുധമാക്കിയതും പലപ്പോഴും ആ നിഷ്‌കളങ്കതയായിരുന്നുവല്ലോ.

അഞ്ച് കൊല്ലം മുന്‍പ് ഒരിക്കല്‍ മൗലവി എന്നെ വിളിച്ചു, സ്വഹീഹുല്‍ ബുഖാരി പരിഭാഷ ഒന്ന് പുതുക്കി പ്രസിദ്ധീകരിക്കണം. അക്കാര്യം പരസ്യം നല്‍കണം. പരിഷ്‌കരിച്ച പതിപ്പ് ഇറങ്ങുക എന്നത് പലരെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. ഭാഷാപരമായ അപാകതകളും അവ്യക്തതകളും ഹദീസുകള്‍ ക്രമീകരിച്ചതിലെ ആശയക്കുഴപ്പങ്ങളും വിവാദമാക്കപ്പെട്ട ഭാഗങ്ങളെ സംബന്ധിച്ച അധിക വിശദീകരണങ്ങളുമൊക്കെയുള്ള കുറ്റമറ്റ സ്ഥിതിയിലേക്ക് ആ ഗ്രന്ഥം പരിഷ്‌കരിച്ചെടുക്കണം. ഏതായാലും ആ പണി തുടങ്ങാന്‍ ഞാനും മൗലവിയോട് അഭിപ്രായപ്പെട്ടു. അതൊരു വലിയ പണിയാണല്ലോ, മാസങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന ജോലി. മൗലവിയുടെ ആഗ്രഹ പ്രകാരം അദ്ദേഹം തന്ന പരസ്യം അന്ന് തന്നെ ശബാബിലേക്ക് അയച്ച് കൊടുത്തു. 'ഒരു പ്രധാന അറിയിപ്പ്' എന്ന തലക്കെട്ടിലുള്ള ആ പരസ്യം ഇപ്രകാരമായിരുന്നു:

''ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശം നല്‍കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പ്രത്യുത പൂര്‍വ്വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള വീക്ഷണം വിജ്ഞാനത്തിന്റെ വര്‍ധനവ് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എടുത്ത് കാണിച്ചതാണ്.' (ബുഖാരി പരിഭാഷ, വാ:3, പേ:4, ആമുഖം)

എന്റെ ബുഖാരി പരിഭാഷയില്‍ ആമുഖത്തില്‍ തന്നെ ഇപ്രകാരം നല്‍കിയിട്ടും എന്നെ ഹദീസ് നിഷേധിയാക്കി ചിത്രീകരിക്കാന്‍ ചില കുബുദ്ധികള്‍ ഈ പരിഭാഷയെ ദുരുപയോഗം ചെയ്യുന്നതിനാല്‍ പ്രസ്തുത പരിഭാഷ പരിഷ്‌കരിച്ച് പുതിയ പതിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു, എന്ന് എ അബ്ദുസ്സലാം സുല്ലമി, എടവണ്ണ (ഒപ്പ്).''

മൂന്നാം ദിവസം രാവിലെ മൗലവിയുടെ വിളി, ചെമ്മാട്ടേക്കുള്ള യാത്രയിലാണ്. ഞാന്‍ ചെമ്മാട്ടുണ്ടോ എന്നറിയാനാണ് വിളിച്ചത്. കയ്യില്‍ വലിയൊരു കെട്ടുമായാണ് വന്ന് കയറിയത്. രണ്ട് ദിവസം കൊണ്ട് അദ്ദേഹം ബുഖാരി പരിഭാഷയുടെ മൂന്ന് വാള്യവും നോക്കി വേണ്ട മാറ്റത്തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു. ഇത്രയും വായിച്ച് ശരിയാക്കാന്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. ശത്രുക്കള്‍ അദ്ദേഹത്തെ കടിച്ച് കീറാന്‍ വേണ്ടി വിവാദമാക്കിയ പല വ്യാഖ്യാനക്കുറിപ്പുകളും പൂര്‍ണ്ണമായും വെട്ടിയ നിലയിലാണ്. ആ വെട്ടുകള്‍ തൊട്ടടുത്ത ഏതാനും പേജുകളിലേക്ക് പോലും പതിയുന്ന വിധത്തിലായിരുന്നു. ആ സമയത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അതില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു. 'ഇതെന്തിനാ മൗലവീ ഇതിങ്ങനെ വെട്ടിമാറ്റുന്നത്, അവ്യക്തതകളും തെറ്റിദ്ധരിപ്പിക്കലും വ്യക്തമാക്കുംവിധം വിശദീകരണം കൂട്ടുകയല്ലേ വേണ്ടത്'' എന്ന് ഞാന്‍ ചോദിച്ചു. 'അത് വേണ്ട, ഈ വെട്ടിയതൊന്നും ഞാനെന്റെ ബുദ്ധിയില്‍ നിന്നെടുത്ത് സ്വന്തമായുണ്ടാക്കി എഴുതിയതല്ല. ഞാനിത് വെട്ടി എന്നത് കൊണ്ട് ഈ അഭിപ്രായങ്ങള്‍ ഇല്ലാതാവുന്നില്ല. അതൊക്കെ പറഞ്ഞ മഹാന്മാരുടെ പേരില്‍ തന്നെ അതിവിടെ ഉണ്ടാവും. ആര്‍ക്കും പരാതിയുമുണ്ടാവില്ല. ഹദീസ് നിഷേധി എന്ന് ഇനിയും കേള്‍ക്കാന്‍ വയ്യ. ഇപ്പോള്‍ എനിക്കിവരുടെ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാനാവും, എന്നാല്‍ എന്റെ മരണശേഷം അങ്ങനെ പ്രചരിക്കുന്നതിനെ കുറിച്ചോര്‍ക്കുമ്പോള്‍...'' വാക്കുകള്‍ മുറിഞ്ഞു പോയി. മൗലവിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ ശബ്ദം ഇടറിയിരുന്നു.
നമുക്ക് വേണ്ടത് ചെയ്യാം മൗലവീ, ആദ്യം നമുക്ക് പ്രസാധകരുമായി സംസാരിക്കാം എന്ന് ഞാന്‍ പറഞ്ഞു. പ്രസാധകരോട് മൗലവി  തന്നെ സംസാരിച്ചോളാം എന്ന് അദ്ദേഹം ഏറ്റു.

അടുത്ത ദിവസം മൗലവി വിളിച്ചു: ആ പുസ്തകം നമ്മള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രസാധകരുടെ അനുവാദമില്ല എന്ന് പറഞ്ഞു. അവരത് പുനഃപ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് പറഞ്ഞു. പ്രസാധകരുമായി ഞാനും ബന്ധപ്പെട്ടു. നിരാശാജനകമായ ഉപാധികള്‍. ശ്രമം തുടരാനുള്ള ആലോചന പങ്കുവെച്ചപ്പോള്‍ മൗലവി വിലക്കി. ഇനിയത് നോക്കണ്ട, ഇതില്‍ എന്തെങ്കിലും ഖൈര്‍ ഉണ്ടാവും.

വായിക്കാനും എഴുതാനും മൗലവിക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ല. എത്രയും വായിക്കും എത്രയും എഴുതും. പല രചനകളും കത്തുകളും ഫോട്ടോകോപ്പിയെടുക്കുന്നതിനു പകരം ആവശ്യമുള്ളയത്ര കോപ്പികള്‍ എഴുതാറാണ് പലപ്പോഴും പതിവ്. ഒരായുസ്സിന്റെ അധ്വാനം അവകാശപ്പെടാവുന്ന ഗ്രന്ഥങ്ങളുള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ട ചില  ഗ്രന്ഥങ്ങള്‍ക്ക് പ്രസാധകരില്‍ നിന്ന് വല്ലതും പ്രതിഫലമായി കിട്ടിയിരുന്നോ എന്നൊരിക്കല്‍ ഞാന്‍ മൗലവിയോട് ചോദിച്ചു. പതിവ് പോലെ ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത് അവര്‍ ന്യൂസ് പ്രിന്റിന്റെ കെട്ട് തന്നിരുന്നു എന്നാണ്. അതിലൊന്നും ഒരിക്കല്‍ പോലും ഒരു പരാതിയുമില്ലായിരുന്നു മൗലവിക്ക്. ആര്‍ജിച്ചെടുത്ത അറിവ് ലോകത്തിന് പകരുക എന്ന ദൗത്യത്തിനപ്പുറം അതിലൂടെ ഭൗതികമായ ഒന്നും മൗലവി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ പുസ്തകങ്ങള്‍ എത്ര കോപ്പി വിറ്റഴിക്കപ്പെടുന്നുവെന്നോ അതിന്റെ പ്രസാധനാവകാശം ആര്‍ക്കാണെന്നോ എത്ര പതിപ്പുകളായി അത് പുനപ്രസിദ്ധീകരിച്ചെന്നോ ഒന്നും മൗലവി നോക്കാറില്ലായിരുന്നു. ഈ ലേഖകനടക്കമുള്ള ഏതാനും ഇസ്ലാഹി സുഹൃത്തുക്കളുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച മൗലവിയുടെ ഒരു പുസ്തകത്തിന്റെ കോപ്പികള്‍ കൊടുത്തപ്പോള്‍ അതിന്റെ പണം തരാന്‍ പോലും ശ്രമിച്ചു മൗലവി.



സുല്ലമിയുടെ പേരില്‍ അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരടക്കം കുപ്രചരണങ്ങളുടെ ഭാണ്ഡക്കെട്ടുമായി ഊരുചുറ്റുകയും അദ്ദേഹത്തെ പച്ചക്ക് കടിച്ച് കീറാന്‍ മത്സരിക്കുകയും ചെയ്ത സമയത്ത് ആരോപണങ്ങളുടെ നിജാവസ്ഥകള്‍ വിശദീകരിച്ച് ഞാന്‍ മൗലവിയുടെ ഒരഭിമുഖം തയ്യാറാക്കി ശബാബില്‍ പ്രസിദ്ധീകരിച്ചു. ഇതൊരു വീഡിയോ ആക്കിയാല്‍ അക്കാലത്ത് ഏറെ ഉപകാരപ്പെടുമെന്ന് തോന്നിയപ്പോള്‍ അക്കാര്യം മൗലവിയുമായി ചര്‍ച്ച ചെയ്തു. അദ്ദേഹത്തിനത് ഏറെ സന്തോഷമുണ്ടാക്കി. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അതിനു തയ്യാറായി ചെമ്മാട്ടെത്തുകയും ചെയ്തു.  ഈ സംരംഭത്തെ കുറിച്ച് സംസാരമധ്യേ പറഞ്ഞപ്പോള്‍ സലാല ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റായിരുന്ന അസ്‌ലം കീഴൂര്‍ പിന്തുണയും സഹകരണവുമായി കൂടെ നിന്നു. പനമരം സമ്മേളനത്തില്‍ ആ വീഡിയോ പുറത്തിറക്കി. നിരവധിയാളുകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ആ അഭിമുഖം ഉപകാരപ്പെട്ടു. അതിന്റെ സന്തോഷം പല തവണ സുല്ലമി പങ്കുവെച്ചിട്ടുണ്ട്.

മൗലവി എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടാവും? അവസാന കൂടിക്കാഴ്ചയിലും ഞാനിക്കാര്യം മൗലവിയോട് ചോദിച്ചു. ഉറക്കെ ചിരിച്ച് കൊണ്ട് മൗലവി പറഞ്ഞു: എനിക്കറിയില്ല. പലതും കോപ്പി പോലും ഇവിടെയില്ല. ഏതായാലും മൗലവി ഇനി നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഒരു ദിവസം രാവിലെ തന്നെ വരാം. ഇവിടെയുള്ള നിങ്ങളെഴുതിയ പുസ്തകങ്ങളുടെ കണക്കെടുക്കണം എന്ന് ഞാന്‍ പറഞ്ഞു. അതേ ചിരിയോടെ മൗലവി അത് സമ്മതിക്കുകയും ചെയ്തു.

മൗലവിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഏറ്റവുമധികവും പുറത്തിറങ്ങുന്നത് കെ പി മുഹമ്മദ് മൗലവിയുടെയും സൈദ് മൗലവിയുടെയും ഉസ്മാന്‍ സാഹിബിന്റെയുമൊക്കെ കാലത്തായിരുന്നു. അവയില്‍ പലതും പ്രസാധകര്‍ പുറത്തുള്ളവരാണെങ്കില്‍ പോലും സംഘടനാ സംവിധാനങ്ങളുപയോഗപ്പെടുത്തിയും സമ്മേളനങ്ങളിലും ഒക്കെയാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. ഏറ്റവും പ്രഗല്‍ഭരായ പണ്ഡിതന്മാരോ താഴേക്കിടയിലെ പ്രവര്‍ത്തകരോ ആരും അന്നൊന്നും ആ പുസ്തകങ്ങളിലെ ഏതെങ്കിലും നിലപാടിന്റെയോ ഉദ്ധരണികളുടെയോ പേരില്‍ സുല്ലമിയെ ആക്ഷേപിച്ചിട്ടില്ല. ഹദീസ് നിഷേധിയുമാക്കിയിട്ടില്ല. പിന്നീട് പിളര്‍പ്പനന്തരം സുല്ലമി നിലകൊണ്ട പക്ഷത്തെ നോക്കിയായിരുന്നു അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ കയറ്റിയത്. ആരോപണങ്ങളുടെ പെരുമഴക്കാലം. ഹദീസ് നിഷേധ പ്രവണതകളോട് പ്രമാണത്തിന്റെ പരിചയേന്തി പോരാടിയ സുല്ലമിക്ക് ആരോപകര്‍ ഹദീസ് നിഷേധി പട്ടം നല്‍കുക എന്നൊരു വിരോധാഭാസത്തിന് നമ്മള്‍ സാക്ഷിയായി. അക്കാലത്ത് മുസ്‌ലിയാക്കള്‍ ആരോപിക്കുകയും മുജാഹിദുകള്‍ മറുപടി പറയുകയും ചെയ്ത പല ആരോപണങ്ങള്‍ക്കും ഇതോടെ മുജാഹിദ് മേല്‍വിലാസം കൈവന്നുവെന്നതായിരുന്നു ഖേദകരമായ വസ്തുത.

തിരൂരങ്ങാടിയില്‍ നടന്ന ഒരു പരിപാടിയില്‍, പിളര്‍പ്പനന്തരം ഒരു വിഭാഗത്തിന്റെ ചില പണ്ഡിതന്മാര്‍ പ്രചരിപ്പിച്ച സ്ത്രീകളുടെ ചേലാകര്‍മ്മവും സുജൂദില്‍ നിന്നെണീക്കുമ്പോള്‍ മുഷ്ടി ചുരുട്ടലും പോലുള്ള കാര്യങ്ങളെ സംബന്ധിച്ച് രണ്ട് ചോദ്യം വന്നു. അവക്ക് മുന്‍പ് വന്ന ചോദ്യം മൗലവിക്കെതിരിലുള്ള ഹദീഥ് നിഷേധാരോപണം സംബന്ധിച്ചായിരുന്നു. അക്കാര്യത്തില്‍ കൃത്യമായ ഉത്തരം മൗലവി നല്‍കി.


പിന്നീടാണ് പ്രസ്തുത ചോദ്യങ്ങള്‍ വന്നത്. രണ്ടിനും ഉത്തരം പറയുന്നതിനിടക്ക് മൗലവിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു, ഞാന്‍ അറുപത് ഹദീസ് നിഷേധിച്ചു എന്ന് പറയുന്നുണ്ടല്ലോ, അതുകൊണ്ട് വല്ല നഷ്ടവും ഇസ്‌ലാഹി പ്രസ്ഥാനത്തിനുണ്ടായത് കാണിച്ച് തരാമോ? ഇവരുടെ കോലം ഇതാണ് എന്നായിരുന്നു മൗലവി രണ്ട് ഉത്തരങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞത്. അറുപത് ഹദീസ് നിഷേധിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമര്‍ത്ഥിച്ചതിനു തൊട്ടുപിന്നാലെ വന്ന ചോദ്യങ്ങളായത് കൊണ്ടായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മൗലവിയുടെ ഉദ്ദേശ്യം ആ ഉത്തരങ്ങളില്‍ വ്യക്തമാണെങ്കിലും അദ്ദേഹത്തിന്റെ സംസാര ശൈലിയില്‍ സഹജമായ വേഗതയുടെ പഴുതുപയോഗിച്ച് ശത്രുക്കള്‍ ആ ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിച്ചു. ഞാന്‍ അറുപത് ഹദീസ് നിഷേധിച്ചു അതിന് നിങ്ങള്‍ക്കെന്താ നഷ്ടം എന്ന് വെല്ലുവിളിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അതവര്‍ പ്രചരിപ്പിച്ചത്. സത്യാവസ്ഥ തെളിവുകള്‍ സഹിതം നിരവധി തവണ വിശദീകരിക്കപ്പെട്ടെങ്കിലും കുപ്രചരണം സമസ്തക്കാരുള്‍പ്പെടെയുള്ള എല്ലാ എതിരാളികളും അത് നിരന്തരം ഉപയോഗിച്ചുവന്നു. മൗലവിക്ക് ഏറെ പ്രയാസമുണ്ടാക്കിയ ഒന്നായിരുന്നു ഇത്.

മൗലവിയുടെ പേരില്‍ പ്രചരിച്ച ഓരോ ആരോപണത്തിനും പിന്നില്‍ ആര്‍ക്കും മനസ്സിലാക്കാനാവും വിധം സത്യാവസ്ഥ നിറഞ്ഞ് നില്‍ക്കുന്ന കൃത്യമായൊരു മറുവശമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ അക്രമിക്കാന്‍ ഒരുങ്ങിയിറങ്ങിയ എതിരാളികള്‍ക്ക് അതാവശ്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവശതകളെ ചൂഷണം ചെയ്തും തെറ്റിദ്ധരിപ്പിച്ചും വ്യാജതെളിവുകള്‍ പ്രചരിപ്പിച്ചും പലരും സുല്ലമിയെ അക്രമിച്ചു. എന്നിട്ടും ആരോടും പ്രതിഷേധമോ പരിഭവമോ ഇല്ലാതെ മൗലവി തന്റെ പ്രബോധന ദൗത്യം തുടര്‍ന്നു. ഒടുവില്‍, എല്ലാവരെയും സ്‌നേഹിച്ച്, പഠിച്ചതെല്ലാം തലമുറകള്‍ക്കായി ബാക്കിവെച്ച് ഒരു പുരുഷായുസ്സിന്റെ കര്‍മ്മ നൈരന്തര്യം വിജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി ലോകത്തിന് സമ്മാനിച്ച് മൗലവി നാഥന്റെ സന്നിധിയിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തെ ജീവിതവിജയം വരിച്ച സദ്‌വൃത്തരില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ.

-മന്‍സൂറലി ചെമ്മാട്‌

No comments:

Post a Comment

Listen Islam from Right Source