എ അബ്ദുസ്സലാം സുല്ലമി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

എ അബ്ദുസ്സലാം സുല്ലമി





സര്‍വശക്തനായ അല്ലാഹു നിശ്ചയിച്ച അവധി പൂര്‍ത്തിയാക്കി എ അബ്ദുസ്സലാം സുല്ലമി യാത്രയായി. 'നമ്മളെല്ലാം അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കു തന്നെ മടങ്ങേണ്ടവരുമാണ്'(വി.ഖു 2:156). പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവിധം കേരളീയര്‍ക്ക് സുപരിചിതനാണ് എ അബ്ദുസ്സലാം സുല്ലമി, എടവണ്ണ. പണ്ഡിത ശ്രേഷ്ഠനും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് ഊടും പാവും നല്‍കിയവരില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച പ്രഗത്ഭനുമായ എ അലവി മൗലവിയുടെ മകനായ അബ്ദുസ്സലാം പിതാവിന്റെ വഴിയില്‍ പിന്‍ഗാമിയായി നിലകൊള്ളാനും ആയുഷ്‌ക്കാലം ഇസ്‌ലാമിനും ഇസ്‌ലാഹിനും വേണ്ടി കഠിനാധ്വാനം ചെയ്യാനും തൗഫീഖ് ലഭിച്ച വ്യക്തിത്വമായിരുന്നു. അഫ്ദലുല്‍ ഉലമ ബിരുദം നേടിയ ശേഷം ഔപചാരികമായി ഉന്നത പഠനത്തിന് എങ്ങോട്ടും പോകാതെ സ്വപ്രയത്‌നത്താല്‍ പണ്ഡിതരുടെ മുന്‍പന്തിയിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു.



സലഫുകളില്‍പെട്ട പല മഹാന്മാരെപ്പറ്റിയും നമുക്ക് അത്ഭുതം തോന്നാറുണ്ട്. അവരുടെ ആയുസ്സില്‍ കിട്ടിയ ദിവസങ്ങളേക്കാള്‍ പേജുകള്‍ എഴുതിക്കൂട്ടിയ വിജ്ഞാന ഭണ്ഡാരങ്ങള്‍! പകല്‍ മുഴുവന്‍ കോളെജ് ക്ലാസുകള്‍, വൈകുന്നേരങ്ങളില്‍ പൊതുപ്രഭാഷണങ്ങള്‍, ഒഴിവു ദിവസങ്ങളില്‍ പഠന ക്ലാസുകള്‍. ഇവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ അറുപത്തിയഞ്ചു പുസ്തകങ്ങള്‍ അബ്ദുസ്സലാം സുല്ലമി പുറത്തിറക്കി എന്നത് ചെറിയ കാര്യമല്ല. ചിലത് ചെറുകൃതികളെങ്കില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ഹദീസ് വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ സുല്ലമി, ശൈഖ് മുഹമ്മദ് മൗലവിക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ഹദീസ് പണ്ഡിതനായി അംഗീകരിക്കപ്പെടുകയായിരുന്നു. ആദര്‍ശപരമായി എതിര്‍ചേരികളില്‍ നില്ക്കുന്നവര്‍ക്കുപോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഫലം ഉപയോഗപ്പെടുകയുണ്ടായിട്ടുണ്ട്.



മുസ്‌ലിം സമൂഹത്തിലെ യാഥാസ്ഥിതികത്വം നിലനിര്‍ത്തുന്നവാന്‍ വേണ്ടി പാടുപെടുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കാനായി വിശുദ്ധ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ദിനേന എഴുതിവിടുന്ന വിതണ്ഡ വാദങ്ങളെല്ലാം ശേഖരിച്ച്, പ്രമാണങ്ങള്‍ വിശകലനം ചെയ്ത് അവയ്‌ക്കെല്ലാം മറുപടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സുല്ലമി. ശബാബ് വാരികയില്‍ വര്‍ഷങ്ങളായി അദ്ദേഹം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന 'നെല്ലും പതിരു'മെന്ന പംക്തി നിര്‍വഹിച്ചത് ആ ധര്‍മമായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മുഖപത്രമായ അല്‍മനാറിന്റെ ചോദ്യോത്തര പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആ തൂലിക നിശ്ചലമായിരിക്കുകയാണ്.



പണ്ഡിതന്മാര്‍ പ്രമാണങ്ങള്‍ പഠിച്ച് പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുമ്പോള്‍ ഭിന്നവീക്ഷണങ്ങള്‍ സ്വാഭാവികമാണ്. അതിന്റെ പേരില്‍ പരസ്പരം ആക്ഷേപിക്കുന്നത് ധര്‍മനിഷ്ഠയ്ക്കു വിരുദ്ധമാണ്. അര്‍ഹതയില്ലാത്ത നിരവധി ആരോപണങ്ങള്‍ക്ക് ശരവ്യനായ വ്യക്തിയാണ് അബ്ദുസ്സലാം സുല്ലമി. അല്ലാഹു അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ക്ക് തക്ക പ്രതിഫലം നല്‍കുമാറാകട്ടെ. മാനുഷിക വീഴ്ചകള്‍ക്ക് മാപ്പു നല്‍കുകയും ചെയ്യണേ നാഥാ, എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ദീനീ വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോകുമ്പോള്‍ തത്സ്ഥാനം നികത്തപ്പെടാതെ പോയാല്‍ അത് തീരാനഷ്ടമാകുമെന്ന് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടു വരേണ്ടതുണ്ട്.



അബൂസലമ(റ) മരണമടഞ്ഞപ്പോള്‍ നബി(സ) പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം. അല്ലാഹുവേ, നീ അബ്ദുസ്സലാം സുല്ലമിക്കു പൊറുത്തുകൊടുക്കേണമേ. സന്മാര്‍ഗികളില്‍ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ. അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ നീ അദ്ദേഹത്തിനു പകരം നല്‍കേണമേ. ലോക രക്ഷിതാവേ, ഞങ്ങള്‍ക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ. അദ്ദേഹത്തിന്റെ ഖബ്ര്‍ വിശാലവും പ്രകാശപൂരിതവും ആക്കേണമേ. (മുസ്‌ലിം)



-മുഖപ്രസംഗം | ശബാബ് വാരിക | 09 ഫെബ്രുവരി 2018 | 1439 ജുമാദല്‍ ഊല 23 | വെള്ളി

No comments:

Post a Comment

Listen Islam from Right Source