പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ ഗുരുനാഥന്‍ | ഡോ. എ ഐ അബ്ദുല്‍മജീദ് സ്വലാഹി - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയ ഗുരുനാഥന്‍ | ഡോ. എ ഐ അബ്ദുല്‍മജീദ് സ്വലാഹി



അബ്ദുസ്സലാം സുല്ലമിയിലെ അധ്യാപകനാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്. ക്ലാസിലേക്കുള്ള വരവുതന്നെ ഒരു പ്രത്യേക രീതിയിലാണ്. തലതാഴ്ത്തി നടന്നുവരുന്ന മൗലവി ക്ലാസിലെത്തുമ്പോള്‍ ആകെ മാറും. ആഗോള- ദേശീയ- പ്രാദേശിക തലങ്ങളിലെ ഏതെങ്കിലുമൊരു വാര്‍ത്തയോ പ്രാസ്ഥാനിക കാര്യമോ ഒക്കെയാകും ആദ്യചര്‍ച്ച. ഏത് വിഷയവും മൗലവിക്ക് വഴങ്ങും. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ഫിഖ്ഹ്, ഗദ്യം, പദ്യം എല്ലാം ഞങ്ങളെ പഠിപ്പിച്ചു.

പലപ്പോഴും രാഷ്ട്രീയം ചര്‍ച്ചയില്‍ വരും. കോണ്‍ഗ്രസ് പക്ഷത്തു നിന്നാണ് മൗലവി വാദിക്കുക. കുട്ടികളുടെ വര്‍ത്തമാനം കേട്ടു പൊട്ടിച്ചിരിക്കും. എടവണ്ണയിലെ സാമൂഹിക പ്രവര്‍ത്തകനായ മദാരി മൊയ്തീന്‍ സാഹിബിനെ കുറിച്ചൊക്കെ എത്ര തവണയാണ് മൗലവി ക്ലാസില്‍ പറഞ്ഞിട്ടുള്ളത്. ഓരോ നാട്ടില്‍ പ്രഭാഷണത്തിന് പോകുമ്പോഴുള്ള അനുഭവം ക്ലാസ്സില്‍ പങ്കുവയ്ക്കും.

ഹൃദയത്തില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നത് മൗലവിയുടെ ഖുര്‍ആന്‍ പഠിപ്പിക്കല്‍തന്നെ. പ്രത്യേകിച്ച് അമ്മ ജുസുഅ്. വലിയ ആശയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പ്രധാനപ്പെട്ട തഫ്‌സീര്‍ കുറിച്ചുവെക്കാന്‍ പറയും. ഇമാം റാസിയുടെ അഭിപ്രായങ്ങള്‍ ഓരോന്ന് വായിച്ച് അദ്ദേഹത്തിന് യോജിപ്പുള്ളത് പറയും. സുല്ലമിക്ക് ഉള്‍ക്കൊള്ളാന്‍പറ്റാത്ത അഭിപ്രായങ്ങള്‍ തഫ്‌സീറുകളില്‍ കാണുമ്പോള്‍ അത് ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമെല്ലാം അറിയിക്കും. തഫ്‌സീര്‍ റാസി, ഇബ്‌നുകസീര്‍, ത്വബ്‌രി ഇങ്ങനെ മൂന്നെണ്ണമെങ്കിലും കൊണ്ടായിരിക്കും ക്ലാസിലേക്ക് വരിക. ഹദീസ് പഠിപ്പിക്കുന്ന രീതി ഏറെ ഹൃദ്യമാണ്. പദ്യം പഠിപ്പിക്കുമ്പോള്‍ ഒരു പ്രത്യേകരീതിയുണ്ട്. ചെറിയ ക്ലാസിലായിരുന്നപ്പോഴാണ് സുല്ലമി ഞങ്ങളെ നള്മ് പഠിപ്പിച്ചിരുന്നത്.

പ്രിലിമിനറി കഴിഞ്ഞ് ഫൈനല്‍ ക്ലാസുകളിലേക്ക് കടന്നതോടെ സുല്ലമിയുമായി കൂടുതല്‍ അടുപ്പമായി. കൊല്ലത്തെ ഇര്‍ശാദ് സ്വലാഹിയും ഈ കുറിപ്പുകാരനുമായിരുന്നു അന്ന് ക്ലാസില്‍ നിന്ന് പുറത്ത് പ്രസംഗത്തിനൊക്കെ പോകുന്നവര്‍. മൗലവിക്ക് പകരം പലപ്പോഴും ഞങ്ങളെ പ്രസംഗിക്കാന്‍ വിടും. ഞങ്ങളുടെ പ്രസംഗ വിവരം പിന്നീട് സംഘാടകരോട് ചോദിച്ച് ക്ലാസില്‍ വന്ന് പ്രോത്സാഹിപ്പിക്കും. ഇവര്‍ രണ്ടാളും എന്റെ ചാന്‍സൊക്കെ കളയുമെന്ന് പറഞ്ഞ് പൊലിപ്പിക്കും.

മൗലവി ഞങ്ങളെ ഖുതുബ പഠിപ്പിക്കുമായിരുന്നു. രണ്ട് തടിച്ച ഖുതുബ നോട്ടുപുസ്തകങ്ങള്‍ മൗലവിക്കുണ്ട്. അതില്‍ എല്ലാ വിഷയങ്ങളും തുടക്കം മുതല്‍ ഒടുക്കം വരെ എഴുതിവെച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഖുതുബ ക്ലാസ് ഉണ്ടാകും. എത്ര വിദ്യാര്‍ഥികള്‍ക്കാണ് അതെല്ലാം ഉപകരിച്ചത്. അബ്ദുസ്സലാം സുല്ലമി ഞങ്ങളുടെ പ്രദേശമായ നിലമ്പൂര്‍ ഭാഗത്ത് സ്ഥിരം പ്രഭാഷകനായിരുന്നു. എ അബ്ദുല്‍അസീസ് മദനി, എ അബ്ദുസ്സലാം സുല്ലമി ഈ രണ്ട് പണ്ഡിതന്മാരാണ് മലയോര മേഖലയില്‍ ഇസ്‌ലാഹീ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. ചുങ്കത്തറ, അക്കരെ, കുറുമ്പലങ്ങോട്, എരുമമുണ്ട, വെള്ളിമുറ്റം, പൂളപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ മുജാഹിദ് പള്ളികള്‍ വരാനും തൗഹീദ് മനസ്സിലാക്കിയ ധാരാളം മനുഷ്യര്‍ ഉണ്ടാകാനും അബ്ദുസ്സലാം സുല്ലമിയുടെ ത്യാഗം കാരണമായിട്ടുണ്ട്.

എടവണ്ണ ജാമിഅയില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ്സിന് പുറപ്പെടും. അക്കരെയെത്താന്‍ തോണിയില്‍ കയറാന്‍ കുറേ കാത്തുനില്‍ക്കണം. എന്നിട്ട് വല്ല സൈക്കിളിന്റെ പിറകിലോ ജീപ്പിലോ ലക്ഷ്യസ്ഥാനത്ത് എത്തും. പ്രസംഗം കഴിയുമ്പോള്‍ നേരം ഏറെ വൈകിക്കാണും. ചിലപ്പോള്‍ തിരിച്ചുപോകും. അല്ലെങ്കില്‍ അവിടെ കിടക്കും. ഒരു സൗകര്യവുമില്ലാത്ത സാധാരണക്കാരുടെ ഭക്ഷണം കഴിച്ച് അവിടെക്കൂടി പിറ്റേന്ന് കോളെജിലേക്ക് പോകും. പലരും വണ്ടിക്കാശുപോലും കൊടുക്കില്ല. കാരണം അത്ര പ്രയാസത്തിലായിരുന്നു.

ചിലപ്പോള്‍ മറുപടി പ്രസംഗങ്ങള്‍ ഉണ്ടാകും. സ്റ്റേജ് കൈ യേറാന്‍ പുരോഹിതര്‍ വരും. ഒന്നും കൂസാതെ സുല്ലമി തെളിവുകള്‍ ഉദ്ധരിച്ച് പ്രസംഗിക്കും. ആ പ്രദേശത്തെ മനുഷ്യരെല്ലാം മൗലവിയെ എത്രമേല്‍ ആദരിക്കുന്നുവെന്ന് അറിയാന്‍ പഴയ തലമുറക്കാരോട് സംസാരിച്ചാല്‍ മതി. ഇവരുടെ പ്രസംഗവും പാണ്ഡിത്യവും തിരിച്ചറിഞ്ഞാണ് ഞങ്ങളുടെ ഉപ്പമാര്‍ ഞങ്ങളെ ജാമിഅയില്‍ ചേര്‍ത്തത്.

ഏത് വിഷയത്തിലും അബ്ദുസ്സലാം സുല്ലമി തന്റെ അഭിപ്രായം പറയും. വിയോജിക്കുന്നവര്‍ക്ക് വിയോജിക്കാം. അദ്ദേഹം അതില്‍ ഉറച്ചുനിന്നു. സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോഴും മൗലവിയുമായുള്ള ബന്ധം മുറിഞ്ഞില്ല. ആദര്‍ശ പോരാട്ടത്തിന്റെ പേരില്‍ വ്യക്തിഹത്യകള്‍ നടന്നപ്പോഴും അബ്ദുസ്സലാം സുല്ലമിയെക്കുറിച്ച് വേദനിക്കുന്നതൊന്നും പറഞ്ഞില്ല. ജീവിതത്തിരക്കിനിടയില്‍ കുറേകാലം കഴിഞ്ഞ് കണ്ടുമുട്ടിയപ്പോള്‍ എഴുത്തിനെയും പ്രസംഗത്തെയും പറ്റി നല്ലത് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് വീട്ടില്‍ ചെന്ന് മൗലവിയെ കണ്ടു. ആ മുഖം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. മൗലവി ചേര്‍ത്തുപിടിച്ചു. രോഗ വിവരത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. മുജാഹിദ് ഐക്യം നിലനിര്‍ത്തണമെന്നും ചെറിയ പ്രശ്‌നങ്ങളൊക്കെ സ്വാഭാവികമാണെന്നും ഉണര്‍ത്തി. മൗലവിയുടെ വീട്ടിലെ ഗ്രന്ഥപ്പുര അടുക്കും ചിട്ടയുമുള്ളതാണ്. മൗലവി എല്ലാം വായിക്കും. ഒഴിവുസമയം വായനയിലായിരിക്കും. ചിലപ്പോള്‍ കഥാ പുസ്തകം വായിച്ചിരിക്കുന്നത് കാണാം. ഓര്‍മശക്തി അപാരമാണ്. ഒരു സംശയം ചോദിച്ചാല്‍ എവിടെയാണ് ആ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്ന് പെട്ടെന്ന് പറയും.

ജാമിഅ പഠനം കഴിഞ്ഞ് പ്രവാസജീവിതവും അവസാനിപ്പിച്ച് ജാമിഅയില്‍ ഈയുള്ളവന്‍ അധ്യാപകനായി ചേര്‍ന്നു. അബ്ദുസ്സലാം സുല്ലമിയുടെ സഹപ്രവര്‍ത്തകനായി ജോലി ചെയ്യാനും ഭാഗ്യമുണ്ടായി. സംശയങ്ങള്‍ കൃത്യമായി ദൂരീകരിച്ചുതരും. എത്ര സൗമ്യമായ പെരുമാറ്റം. അദ്ദേഹത്തെ വെറുക്കേണ്ട അവസ്ഥ ഒരാള്‍ക്കും ഉണ്ടാകില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിയോജിക്കാം. പക്ഷേ, ആ വിയോജിപ്പ് വെറുപ്പായി കൊണ്ടുനടക്കരുത്. വീക്ഷണവ്യത്യാസങ്ങളെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുക. ഓരോ പണ്ഡിതനും കൊഴിഞ്ഞുപോകുമ്പോള്‍ പകരം എത്ര പേര്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് ചിന്തിക്കുക.

-ഡോ. എ ഐ അബ്ദുല്‍മജീദ് സ്വലാഹി

No comments:

Post a Comment

Listen Islam from Right Source