മഷി മങ്ങിയ ആത്മകഥ | പി എം എ ഗഫൂര്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

മഷി മങ്ങിയ ആത്മകഥ | പി എം എ ഗഫൂര്‍



മഞ്ചേരി പഴയ ബസ്സ്റ്റാന്റ്. പത്രമാസികകള്‍ വില്‍ക്കുന്ന ഒരു കൊച്ചുകടയില്‍ നില്‍ക്കുമ്പോള്‍, ബാഗ് ചേര്‍ത്തുപിടിച്ച് ധൃതിയിലൊരാള്‍ വരുന്നു. ഒറ്റക്കാഴ്ചയില്‍ തന്നെ ആളെ മനസ്സിലായി. ഉപ്പ ഏറ്റവും സ്‌നേഹത്തോടെ പറയാറുള്ള പേരാണത്; അബ്ദുസ്സലാം സുല്ലമി. വലിയൊരു മനുഷ്യനെ അത്ര അടുത്തു നിന്ന് കണ്ടതിന്റെ കൗതുകത്തില്‍ നിന്ന ആ പത്താംക്ലാസ്സുകാരന്‍, പിന്നെ ശ്രദ്ധിച്ചത് അദ്ദേഹം വാങ്ങുന്ന മാഗസിനുകളെയാണ്. ഏതാകും തെരഞ്ഞെടുക്കുന്നതെന്ന് ആകാംക്ഷയോടെ നോക്കിനിന്നു. ഇന്നുമോര്‍ക്കുമ്പോള്‍ ആ രംഗം ചിരിപരത്തുന്നു. 'ബോബനും മോളിയും പുതിയ ലക്കം വന്നോ' എന്നന്വേഷിച്ച്, അതുവാങ്ങി ധൃതിയില്‍ തിരികെ നടന്നു.

അകലെ നിന്നുള്ള കാഴ്ചക്ക് ദൂരം കുറഞ്ഞ്, അടുപ്പം കൂടി. സൗഹൃദത്തിനു അനുവദിച്ചുതന്ന സ്വാതന്ത്ര്യത്തില്‍ ഒരിക്കല്‍ ആ അനുഭവം പങ്കുവെച്ചു. പതിവുള്ള ചിരിയോടെ പറഞ്ഞു; ''എടാ അതില് നല്ല തമാശയുണ്ടാകും. ഈ കിതാബൊക്കെ വയിക്കുന്നതിനിടക്ക് മനസ്സൊന്ന് തണുക്കണ്ടേ. എന്റെ ഉപ്പാക്കും ഇഷ്ടായിരുന്നു അതൊക്കെ.''




വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മഞ്ചേരി ബസ്സ്റ്റാന്റ്. പാതിരാവ് പിന്നിട്ട അസമയം. ഒരു യാത്ര കഴിഞ്ഞെത്തിയതാണ്. ടാക്‌സി ഇറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് വേഗംകൂട്ടുമ്പോള്‍, അരികിലെ തട്ടുകടയില്‍ ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. അരണ്ട വെളിച്ചത്തിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ ആളെ മനസ്സിലായി. ഓടിച്ചെന്ന് സലാം പറഞ്ഞു. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞുവിളിച്ചു. വന്നില്ല. ''പന്ത്രണ്ടരക്ക് ഒരു വണ്ടി വരാനുണ്ട്. എടവണ്ണ വഴിയാണത്. ഞാനതില്‍പ്പോകാം. നീ പൊയ്‌ക്കോ. കുടുംബം കാത്തിരിക്കല്ലേ.''

പ്രസംഗമോ ഖുര്‍ആന്‍ ക്ലാസ്സോ കഴിഞ്ഞ് വരുന്ന വഴിയാകും. ആ പ്രസംഗം കേട്ടവരൊക്കെ ഒരുറക്കം കഴിഞ്ഞ് തിരിഞ്ഞുകിടക്കുന്ന നേരമായിട്ടും, അബ്ദുസ്സലാം സുല്ലമി പെരുവഴിയിലിരുന്ന് ഉറക്കം തൂങ്ങുകയാണ്.


കാണാന്‍ വീട്ടില്‍പ്പോയ ഒരു ദിവസം. താടിയെല്ലിനു മുകളില്‍ ചെറിയൊരളവില്‍ മാത്രമായിരുന്നു മൗലവിയുടെ താടി. കേറിച്ചെല്ലുമ്പോള്‍ മുന്നില്‍ കണ്ണാടിവെച്ച് താടി വെട്ടിയൊതുക്കുന്നു. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍, മുഖത്തിനും കണ്ണാടിക്കുമിടയില്‍ അതാ, ഒരു പുസ്തകം തുറന്നുവെച്ചിരിക്കുന്നു! കണ്ണാടിയില്‍ മാത്രമല്ല പുസ്തകത്തിലുമുണ്ട് പാതികണ്ണ്. രണ്ടും തെറ്റിപ്പോകുന്നില്ല. കൃത്യമായ അളവില്‍ വൃത്തിയോടെ വായനയും പതിവുചര്യയും പൂര്‍ത്തിയാക്കി പുഞ്ചിരിയോടെ എഴുന്നേറ്റു.

വായനയായിരുന്നു അബ്ദുസ്സലാം സുല്ലമിയെ രൂപപ്പെടുത്തിയത്. മഹാഗ്രന്ഥങ്ങളുടെ വരിയിടവഴികളിലൂടെയുള്ള ആ നിത്യസഞ്ചാരം അദ്ദേഹത്തിന്റെ ജ്ഞാനാകാശത്തെ ഒരുപാട് വലുതാക്കി. പക്ഷേ, അദ്ദേഹം ഒട്ടും വലുതായില്ല. ഏറ്റവും ചെറിയവനായി ജീവിച്ചു. സാധാരണ മനുഷ്യര്‍ക്ക് പ്രിയപ്പെട്ടവനായി. അബ്ദുസ്സലാം സുല്ലമിയെക്കുറിച്ച് പറഞ്ഞുകരയുന്ന മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മരണപ്പെട്ട ദിവസമല്ല, ജീവനോടെ കുതിച്ചുപാഞ്ഞ നിമിഷങ്ങളില്‍. അത്രയും ലാളിത്യമാര്‍ന്ന ഓര്‍മ്മകള്‍ ചുറ്റിലും ചൊരിഞ്ഞായിരുന്നു ആ ജീവിതം കൊഴിഞ്ഞത്.


ഒരിക്കല്‍ കേറിച്ചെന്നപ്പോള്‍ ടിവിയില്‍ പന്തുകളി കണ്ടിരിക്കുന്നു. 'നീ ഇന്നലത്തെ കളി കണ്ടോ?' എന്ന ചോദ്യത്തോടെയായിരുന്നു സ്വീകരണം. പഠനകാലത്ത് സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയും പ്രസിദ്ധനായ ഫുട്‌ബോളറുമായിരുന്നു അദ്ദേഹം. കണക്ക് ആയിരുന്നു പ്രിയപ്പെട്ട വിഷയം. കൂടുതല്‍ മാര്‍ക്ക് നേടുന്നതും കണക്കില്‍ തന്നെ. ഫസ്റ്റ് ക്ലാസ്സോടെയായിരുന്നു പത്താം ക്ലാസ്സിലെ വിജയം. അനന്തരാവകാശ നിയമങ്ങളെല്ലാം അത്ര ഒഴുക്കോടെ നിമിഷനേരം കൊണ്ട് പറയാന്‍ സാധിച്ചത് കണക്കിന്റെ കൗശലം കുട്ടിക്കാലം തൊട്ടേ കൂട്ടിനുള്ളതുകൊണ്ടാകാം.


കാണാനുള്ള യാത്രയില്‍ കുടുംബം പലവട്ടം ഒപ്പംകൂടി. മിഠായിപ്പൊതി നല്‍കിയാണ് മോനെ സ്വീകരിക്കുക. ആ ഉപ്പപ്പയുടെ വീട്ടില്‍പ്പോകുന്നത് അവനും പ്രിയമാണ്. എത്രനേരവും മൗലവിക്കൊപ്പമിരിക്കാം. തമാശകള്‍ പറയാം. എന്തു ചോദ്യവും ചോദിക്കാം. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെപ്പറ്റി അവളൊരിക്കല്‍ ചോദിച്ചു. ജീന്‍സിട്ടതിന്റെ പേരില്‍ ആരോ അവളെ വിമര്‍ശിച്ചിരുന്നു. ചോദ്യവും സാഹചര്യവും കേട്ടപ്പോള്‍ മൗലവി പതിവില്ലാത്ത ഗൗരവത്തോടെ പറഞ്ഞു; ''അതിലെന്താണിത്ര വിമര്‍ശിക്കാനുള്ളത്. ഇസ്‌ലാം നിരോധിച്ച വസ്ത്രത്തില്‍ ജീന്‍സില്ല. ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന വസ്ത്രങ്ങള്‍ പാടില്ല. സുതാര്യമാകാനും പാടില്ല. അല്ലാതെ ഏതെങ്കിലും തുണിയല്ല പ്രശ്‌നം. തണുപ്പുള്ള നാടുകളില്‍ ജീന്‍സ് തന്നെയല്ലേ മുസ്‌ലിം സ്ത്രീകള്‍ക്കും ധരിക്കാനാകൂ. വിമര്‍ശിക്കുന്നവരെ കാര്യമാക്കണ്ട. ഇസ്‌ലാം പ്രായോഗിക മതമല്ലേ.''

പഠനസ്ഥലത്ത് നമസ്‌കാരത്തിന് പ്രത്യേക സമയം ലഭിക്കാത്തതുകൊണ്ട് അസറും ദുഹ്‌റും ഒന്നിച്ചാക്കാമോ എന്നും അവള്‍ ചോദിച്ചു. 'തീര്‍ച്ചയായും അത് അനുവദനീയമാണ്' എന്നായിരുന്നു മറുപടി. അങ്ങനെ ചെയ്യുമ്പോള്‍ ഒരു വിഷമം തോന്നുന്നു എന്ന് പറഞ്ഞതിനെ മൗലവി തിരുത്തി; ''ആരെങ്കിലുമൊരു സമ്മാനം തന്നാല്‍ നിനക്ക് സന്തോഷാകില്ലേ? ഇളവുകള്‍ അല്ലാഹു നമുക്ക് തരുന്ന സമ്മാനങ്ങളാണ്. അതില്‍ വിഷമിക്കാന്‍ പാടില്ല. സ്വീകരിക്കുന്നതും സന്തോഷിക്കുന്നതുമാണ് അല്ലാഹുവിനിഷ്ടം. നമ്മളെ പ്രയാസത്തിലാക്കാനല്ല നിയമങ്ങള്‍ തന്നത്. ഇസ്‌ലാം പ്രായോഗിക മതമല്ലേ.''



'ഇസ്‌ലാം പ്രായോഗിക മതമല്ലേ' എന്നൊരു ചോദ്യം അബ്ദുസ്സലാം സുല്ലമിയുടെ പ്രഭാഷണത്തിലും എഴുത്തിലും ഫത്‌വകളിലും നിങ്ങള്‍ക്ക് ആവര്‍ത്തിച്ചുകാണാം. മതത്തിന്റെ പ്രായോഗിക മുഖത്തെയും മനുഷ്യപ്പറ്റിനെയും വിമോചന തത്വങ്ങളെയും തന്നെയായിരുന്നു ആ ജീവിതം അത്രയേറെ അടുത്തുനിന്ന് കാണാന്‍ ശ്രമിച്ചത്. മതത്തിന്റെ പ്രായോഗികാനുഭവത്തെ വിളിച്ചുപറയാന്‍ അദ്ദേഹം ഒരാളേയും ഭയന്നില്ല.

 അബ്ദുസ്സലാം സുല്ലമിക്ക് ഈ ലോകത്ത് ഒന്നും നേടാനുണ്ടായിരുന്നില്ല; നഷ്ടപ്പെടാനുമില്ലായിരുന്നു. നേടാനും നഷ്ടപ്പെടാനുമില്ലാത്തവന് മാത്രം കൈവരുന്ന ചങ്കൂറ്റമുണ്ടല്ലോ, അതദ്ദേഹത്തില്‍ കാണാം. മതത്തെ, അതിന്റെ ആത്മീയാടിത്തറയില്‍ അന്വേഷിച്ചു ചെന്ന്, സാധാരണ മനുഷ്യന്റെ നിത്യജീവിത വിതാനങ്ങളിലേക്ക് ചേരുംപടി ചേര്‍ക്കുകയായിരുന്നു അദ്ദേഹം. ഒത്തുതീര്‍പ്പില്ലാത്ത ധീരതയും ഒരു കൗതുകത്തിലും ഒട്ടിപ്പോകാത്ത നിര്‍മമത്വവും ആത്മനിരാസവും അദ്ദേഹം ആര്‍ജ്ജിച്ചത് പുസ്തകപ്പുരകളില്‍ നിന്നുതന്നെയാകും.

അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചവര്‍ക്കൊന്നും അദ്ദേഹം ആരായിരുന്നുവെന്ന് അറിയില്ലായിരുന്നു. അവരോട് സഹതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. നിലപാടുകള്‍കൊണ്ട് അബ്ദുസ്സലാം സുല്ലമിക്ക് വേറെ താല്‍പര്യങ്ങളുണ്ടെന്ന് എതിരാളികള്‍ പോലും പറയില്ല. അതൊരായുസ്സിന്റെ വിജയകിരീടമമല്ലാതെ മറ്റെന്താണ്? 


മൗലവിയുടെ ജീവിതം അതിന്റെ എല്ലാ അംശങ്ങളോടെയും അടയാളപ്പെടുത്തുക എന്നൊരു സ്വപ്നമുണ്ടായിരുന്നു. പങ്കുവെച്ച അന്നുതൊട്ടേ അദ്ദേഹം അത് നിരസിച്ചു. അനുഭവിച്ചതെല്ലാം രഹസ്യമായിരിക്കട്ടെ എന്നായിരുന്നു തീരുമാനം. എന്നിട്ടും വര്‍ത്തമാനത്തിനു വേണ്ടി കുറച്ചൊക്കെ പറഞ്ഞുതന്നു. പഠനവും കുടുംബവുമൊക്കെ ചുരുക്കിപ്പറഞ്ഞ് ജീവിതം മറച്ചുവെച്ചു. ഈയടുത്ത് വീണ്ടും അതേപ്പറ്റി പറഞ്ഞപ്പോള്‍ തീരെ താല്‍പര്യം കാണിച്ചില്ല. മക്കളോടൊപ്പമുള്ള വിദേശവാസം കുറച്ചൂടെ ഒഴിഞ്ഞിരിക്കാനുള്ള അവസരം നല്‍കുന്നതിനാല്‍ ആത്മകഥയെഴുത്ത് ഞങ്ങള്‍ സജീവമാക്കി. 'ഓപ്പണ്‍റീഡ്' പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവന്നു. പെങ്ങള്‍ ജമീല ടീച്ചറും മരുമകന്‍ നജീബ് തിരൂര്‍ക്കാടും മൗലവിയോട് സംസാരിച്ച് ഒരു വിധത്തില്‍ സമ്മതിപ്പിച്ചു. ഓര്‍മ്മകള്‍ ഓരോന്നായി മൗലവി തന്നെ എഴുതാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നജീബ് വിളിച്ചറിയിച്ചപ്പോള്‍ അതിരില്ലാത്ത സന്തോഷമുണ്ടായി. ഏപ്രിലില്‍ ഷാര്‍ജയില്‍ പോയി ഒപ്പമിരുന്ന് ബാക്കി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. അവിശ്രമമായൊരു ഇതിഹാസ ജീവിതത്തിന്റെ അതീവഹൃദ്യമായ ആത്മകഥയെ അപ്പോഴേക്ക് അല്ലാഹു മടക്കിവിളിച്ചു.

ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്; ജ്യേഷ്ഠന്‍ അസ്‌ലമിന്റെ അസുഖമറിഞ്ഞ് മൗലവി വീട്ടില്‍ വന്നത്. ഉപ്പ മൗലവിയുടെ മുന്നില്‍ വിതുമ്പി. പതിഞ്ഞ സ്വരത്തില്‍ ഉപ്പയോട് മൗലവി പറഞ്ഞു; ''നിങ്ങള്‍ വിഷമിക്കണ്ട. ഈ ലോകത്തുനിന്ന് പെട്ടെന്ന് പോകുന്നത് തന്നല്ലേ നല്ലത്.''

ജീവിതവും ജീവിതത്തിന്റെ പൊലിമകളും ആ വലിയമനുഷ്യനെ കൊതിപ്പിച്ചതേയില്ല. മരണത്തെ വിസ്മയകരമാം വിധം കൊതിക്കുകയും ചെയ്തു.

ആ ജീവിതമേ നഷ്ടമായിട്ടുള്ളൂ. നടന്ന വഴികളെല്ലാം ബാക്കിയുണ്ട്. വരാനിരിക്കുന്ന പെരുമഴക്കാലത്ത് കൂടുതല്‍ തെളിയുന്ന വയലറ്റ് മഷിയില്‍ അബ്ദുസലാം സുല്ലമിയുടെ എഴുത്തും ജീവിതവും തലമുറകളോളം തെളിഞ്ഞുനില്‍ക്കും. ത്യാഗത്തിന്റെ തീക്കാറ്റിനിടയ്ക്ക് അറിയാതെ വന്നുപെട്ടതായിരുന്നില്ല, അതെല്ലാം അബ്ദുസ്സലാം സുല്ലമിയുടെ തീരുമാനമായിരുന്നു. ഗ്രന്ഥങ്ങളിലൂടെ, വാമൊഴിയിലൂടെ, യാത്രകളിലൂടെ, സഹവാസത്തിലൂടെ, അധ്യാപനത്തിലൂടെ, അന്വേഷണങ്ങളിലൂടെ പൂര്‍ത്തീകരിക്കാന്‍ ഓടിനടന്നത് ഈടുറപ്പുള്ള ആ തീരുമാനത്തെയാണ്.



-പി എം എ ഗഫൂര്‍

No comments:

Post a Comment

Listen Islam from Right Source