അബ്ദുസ്സലാം സുല്ലമി: മഹാനായ വഴികാട്ടി | മമ്മുട്ടി മുസ്‌ലിയാര്‍ - അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

Articles

അബ്ദുസ്സലാം സുല്ലമി: പാണ്ഡിത്യത്തിന്റെ വിനയ വിസ്മയം

ശബാബ് അബ്ദുസ്സലാം സുല്ലമി ഓർമപ്പതിപ്പ്

test banner

Post Top Ad

Listen Islam from Right Source

Saturday, February 10, 2018

അബ്ദുസ്സലാം സുല്ലമി: മഹാനായ വഴികാട്ടി | മമ്മുട്ടി മുസ്‌ലിയാര്‍



ഞാന്‍ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത് സമസ്തയുടെയും മാജാഹിദിന്റെയും ആശയങ്ങളെ പ്രമാണങ്ങള്‍ വെച്ച് താരതമ്യ പഠനം നടത്തിയതിന് ശേഷമാണ്. അഭിപ്രായ വ്യത്യാസങ്ങളുള്ള അനേകം വിഷയങ്ങള്‍ക്ക് ഇരു വിഭാഗവും മുന്നോട്ടുവെക്കുന്ന പ്രമാണങ്ങള്‍ കിതാബുകള്‍ പരതി ഉറപ്പുവരുത്തി രേഖപ്പെടുത്തുക അന്നെന്റെ പതിവായിരുന്നു. അക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കിതാബിന്റെ ഉദ്ധരണികളോട് കൂടി സമര്‍ഥിക്കുന്ന ഗ്രന്ഥങ്ങളായി തേടിപ്പിടിച്ചത് അബ്ദുസ്സലാം സുല്ലമിയുടെ ഗ്രന്ഥങ്ങളായിരുന്നു. പ്രസ്തുത ഗ്രന്ഥങ്ങളിലൂടെയുള്ള യാത്രവഴി സമസ്തയുടെ ആശയങ്ങളുടെ പ്രബോധകനാവുക എന്നത് സാധ്യമല്ല എന്ന് തീരുമാനിച്ചു. ശേഷം മുജാഹിദുകളെക്കുറിച്ച് ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നു.

അക്കാലത്ത് കല്‍പറ്റയില്‍ ഖതീബായി അബ്ദുസ്സലാം സുല്ലമി വരാറുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച അവിടേക്ക് പോയി. ജമുഅക്ക് ശേഷം റൂമിലെത്തി സംശയം തീര്‍ക്കാന്‍ വന്നതാണെന്ന് അറിയിച്ചു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളിലെ ഗ്രന്ഥങ്ങളിലെ ഉദ്ധരണിയോ ഹദീസിന്റെ വാചകങ്ങളോ ഞാന്‍ പറഞ്ഞു തുടങ്ങും മുമ്പേ അദ്ദേഹം അതിന്റെ ബാക്കി ഭാഗം പൂരിപ്പിച്ച് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അതുവരെ ഗ്രന്ഥങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ആ അതുല്യപ്രതിഭയെ നേരിട്ടറിഞ്ഞ നിമിഷമായിരുന്നു അത്.

പിന്നീട് ഒരുപാട് സ്റ്റേജുകളില്‍ ഒരുമിച്ച് പ്രഭാഷണങ്ങള്‍ നിര്‍വഹിക്കാന്‍ ഒത്തുകൂടി. തിരുവന്തപുരത്ത് ഒരു മുഖാമുഖത്തിന് ഒരുമിച്ച് പങ്കെടുത്തത് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. വാദിച്ച് തോല്‍പിക്കാനും പറഞ്ഞ് ജയിക്കാനും വന്നവര്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ സത്യസന്ധമായ മറുപടി മികച്ചുനിന്നു. എഴുത്തുകളില്‍ വന്നുപോകാറുള്ള സ്ഖലിതങ്ങളെ ആദര്‍ശശത്രുക്കള്‍ ആയുധമാക്കിക്കൊണ്ട് നടക്കുന്നുവെന്ന് അറിയുമ്പോള്‍ അത് തിരുത്താന്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല.

സ്ത്രീയുടെ യാത്രയെ സംബന്ധിച്ച് വന്ന ഒരു വിശകലനം ചിലര്‍ വിവാദമാക്കി. ആ പ്രസ്താവനയില്‍ തിരുത്തപ്പെടേണ്ടതായി ഒന്നുമുണ്ടായിരുന്നില്ല. അന്യപുരുഷന്റെ കൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ പാടില്ല എന്നാണ് ആ മതവിധിയുടെ ആദ്യത്തെ വാചകം. എന്നാല്‍ ഈ യാഥാര്‍ഥ്യം മറച്ചുവെച്ച്, പിന്നീട് അടിയന്തിര ഘട്ടത്തില്‍ ഒരു സ്ത്രീ യാത്ര ചെയ്യേണ്ടിവന്നാല്‍ പാലിക്കേണ്ട മര്യാദള്‍ മാത്രം സൂചിപ്പിച്ചതായിരുന്നു വിഷയം. ഇത് കാട്ടി പ്രമുഖരായ ചില പ്രഭാഷകര്‍ പോലും പരിഹാസവും ആക്രോശവും തുടര്‍ന്നപ്പോള്‍ തെറ്റിദ്ധാരണ തിരുത്താനുതകുന്ന രൂപത്തില്‍ അദ്ദേഹം ആ വിഷയം വിശദീകരിച്ചു.

ഈ മാതൃകയാണ് ആ മഹാ പണ്ഡിതന്റെ വിനയത്തിന്റെ അടയാളം. ഖുര്‍ആന്‍ ആയത്തുകളും അതിന്റെ തഫ്‌സീറുകളും ശാഫിഈ മദ്ഹബഹിന്റെയും മറ്റു മദ്ഹബുകളിലെയും ഗ്രന്ഥങ്ങളും ഹദീസും അതിന്റെ വ്യാഖ്യാനവും അതിന്റെ നിദാന ശാസ്ത്രവും അതിന്റെ സനദുകളും ഇത്രയേറെ ആഴത്തില്‍ പഠിച്ച് ശക്തമായ പ്രമാണ പിന്‍ബലമുള്ള ഇത്ര ബൃഹത്തായ ഗ്രന്ഥരചന നിര്‍വഹിച്ച മറ്റൊരു വ്യക്തിത്വത്തെ കേരളത്തില്‍ നമുക്ക് വേറെ കാണാനാകില്ല.

ചിലര്‍ അദ്ദേഹത്തെ ഹദീസ് നിഷേധി എന്ന് ആക്ഷേപിച്ച് വേട്ടയാടുന്നുണ്ട്. അത് ഇനിയും തുടരാന്‍ സാധ്യതയുണ്ട്. പക്ഷേ, അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ഇന്നുവരെ അക്കൂട്ടര്‍ക്കൊന്നും മറുപടി പറയാന്‍ കഴിയാതെ പോയ ഒരു ചോദ്യം പ്രസക്തമാണ്. അദ്ദേഹം പ്രഖ്യാപിച്ചു: എന്റെ സ്വന്തം വക ഒരു ഹദീസെങ്കിലും ഞാന്‍ നിഷേധിച്ചതായി ചൂണ്ടിക്കാണിക്കാനാകുമോ? എന്നാല്‍ അതിന് മറുപടി കൊടുക്കാന്‍ ആക്ഷേപകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ഥ്യം ഒരു കാര്യം വ്യക്തമാക്കുന്നു. അത്തരം വേട്ടയാടലുകള്‍ ആരോപണം മാത്രമാണ്. ഹദീസ് നിദാനശാസ്ത്രവും അതിനെ വിശദീകരിച്ച പണ്ഡിതരും പറഞ്ഞത് എടുത്തുപറയുക മാത്രമാണ് യഥാര്‍ഥത്തില്‍ അദ്ദേഹം ചെയ്തത്.

ഒരിക്കല്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ വന്ന പരാമര്‍ശങ്ങളില്‍ എനിക്കൊരു സംശയമുണ്ടായി. സമസ്തക്കാര്‍ തെറ്റായി വ്യാഖ്യാനിച്ച് ആയുധമാക്കി കൊണ്ടുനടക്കുന്ന ഒരു പരാമര്‍ശം. ''അദൃശ്യവും അഭൗതികവുമായി നമുക്ക് ഉപകാരവും ഉപദ്രവങ്ങളും ചെയ്യുന്നത് അല്ലാഹു മാത്രമാണ്'' എന്നതായിരുന്നു ആ വാചകം. അപ്പോള്‍ പിശാച് നമ്മെ ഉപദ്രവിക്കുന്നതോ? - ഞാന്‍ ചോദിച്ചു. ''നാം ആവശ്യപ്പെടുമ്പോള്‍ നമ്മെ സഹായിക്കാനോ ഉപദ്രവിക്കാനോ അഭൗതികമായി അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ'' എന്നാണതിന്റെ ഉദ്ദേശ്യമെന്ന് സുല്ലമി വിശദീകരിച്ചു.

തെറ്റിദ്ധാരണകള്‍ കൊണ്ട് ഉണ്ടാകുന്ന എല്ലാ കാര്‍മേഘങ്ങളും ചോദ്യങ്ങളും ആ മഹാ പണ്ഡിതന്റെ നിഷ്‌കളങ്കമായ വിവരണങ്ങളിലൂടെ പെയ്‌തൊഴിയുന്നതാണ് സത്യാന്വേഷികളുടെ അനുഭവം.


-മമ്മുട്ടി മുസ്‌ലിയാര്‍

No comments:

Post a Comment

Listen Islam from Right Source